കൊച്ചി: കെഎസ്ആര്‍ടിസി ഓർഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. എറണാകുളം സ്വദേശി മുഹമ്മദ് ഫിര്‍ദൗസ് നല്കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് പരിഗണിക്കുക.
സര്‍ക്കാരിനായി അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് ഹാജരാകും. ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയത് എന്നാണ് ഹര്‍ജിക്കാരന്റെ വാദം.
പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ പൊതുജനാഭിപ്രായ രൂപീകരണവും നടത്തിയിട്ടില്ല. രാഷ്ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം അതേപടി നടപ്പിലാക്കി. ഇതുവഴി പ്രതിവര്‍ഷം ഏകദേശം 800 കോടി രൂപയാകും സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതയെന്നും ഇത് താങ്ങാന്‍ പറ്റാത്ത ഭാരമാകുമെന്നുമാണ് പൊതുതാല്പര്യ ഹര്‍ജിയിലെ വാദം. കേസ് തീര്‍പ്പാകുന്നത് വരെ പദ്ധതിയുടെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.